എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. 2023 ജൂലൈ 4-നാണ് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
2023 ജൂലൈ 10 മുതൽ അനുവദിക്കുന്ന നാല് മാസത്തെ കാലയളവിൽ ലൈസൻസ് പുതുക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ലഭ്യമാകുന്നത്. ജൂലൈ 4-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.
പ്രാദേശിക വാണിജ്യ മേഖലയുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിന്റെയും, ഏറ്റവും അനുയോജ്യമായ സാമ്പത്തിക ഉത്തേജന പാക്കേജുകൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.