സൗദി: സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

featured Saudi Arabia

സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ വിസ കാലാവധി സാധുത അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് ഓൺലൈനിലൂടെ പുതുക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു. ഇതിനായി ഡയറക്ടറേറ്റ് ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് വിവിധ വിസകളിൽ പ്രവേശിക്കുന്നവർ വിസ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

സിംഗിൾ എൻട്രി വിസിറ്റ് വിസകൾ അവയുടെ സാധുത അവസാനിക്കുന്നതിന് ഒരാഴ്ച മുൻപ് അബ്‌ഷെർ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പുതുക്കാനാകുമെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. ഈ സേവനം വ്യക്തികൾക്കുള്ള അബ്‌ഷെർ സംവിധാനത്തിലും, സ്ഥാപനങ്ങൾക്കുള്ള അബ്‌ഷെർ സംവിധാനത്തിലും ലഭ്യമാണ്.

മുഖീം ഇലട്രോണിക് പോർട്ടലിലും ഈ സേവനം ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ അബ്‌ഷെർ അക്കൗണ്ടിൽ ലോഗ് ചെയ്ത ശേഷം ആവശ്യമായ ഫീസ് അടച്ച് കൊണ്ട് വിസ കാലാവധി നീട്ടുന്നതിന് അപേക്ഷിക്കാവുന്നതാണ്.

വിസ നീട്ടുന്നതിന് ഈ കാലാവധിയിലേക്ക് ആവശ്യമായ സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്. പരമാവധി ആറ് മാസം വരെയാണ് ഇത്തരത്തിൽ വിസകൾ പുതുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.