തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2023 നവംബർ 1-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇത്തരം വാഹനങ്ങൾക്ക് ഫെബ്രുവരി 22 റോഡിലേക്ക് മുഴുവൻ സമയയവും പ്രവേശനം വിലക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 22 റോഡിൽ മെസെമ്മെർ, ഫെരീജ് അൽ അലി ഇൻറർസെക്ഷൻ മുതൽ ഉം ലഖ്ബ (ലാൻഡ്മാർക്) ഇന്റർചേഞ്ച് വരെ ഇരുവശത്തേക്കും ഇത്തരം വാഹനങ്ങൾ മുഴുവൻ സമയവും വിലക്കിയിട്ടുണ്ട്. എന്നാൽ തിരക്കേറിയ സമയങ്ങൾ, എത്രകാലത്തേക്കാണ് ഈ നിരോധനം എന്നിവ സംബന്ധിച്ച് ഡയറക്ടറേറ്റ് ഈ അറിയിപ്പിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
ഇത്തരം വാഹനങ്ങൾക്ക് ഡയറക്ടറേറ്റിൽ നിന്ന് പ്രത്യേക എക്സെപ്ഷണൽ പെർമിറ്റുകൾ (Metrash2 ആപ്പിലൂടെ, അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇവയ്ക്ക് അപേക്ഷിക്കാവുന്നതാണ്) നേടിയ ശേഷം പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ നിയന്ത്രണം മറികടക്കുന്ന വാഹനങ്ങൾക്ക് 500 റിയാൽ പിഴ ചുമത്തുന്നതാണ്.