രാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ റെസിഡൻസി മാറുന്നത് നിർത്തിവെക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട അനന്തരഫലങ്ങൾ നിലവിൽ മന്ത്രാലയം പരിശോധിച്ച് വരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ കുവൈറ്റിലെ വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ തൊഴിലെടുത്ത് വരുന്ന നിരവധി പ്രവാസികളെ ബാധിക്കുന്ന തീരുമാനമാണ് ഇതെന്ന പശ്ചാത്തലത്തിലാണിത്.
ഈ തീരുമാനം ഏതാനം മാനദണ്ഡങ്ങൾക്കും, നടപടിക്രമങ്ങൾക്കും വിധേയമാക്കി കൊണ്ട് നടപ്പിലാക്കുന്നതിന് ശുപാർശ ചെയ്ത് കൊണ്ടുള്ള ഒരു പ്രമേയം മന്ത്രാലയത്തിന് മുൻപിൽ സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികളെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് നിലനിൽക്കുന്ന വിലക്കിൽ നിന്ന് ഒഴിവാക്കുന്നതിന് ഈ പ്രമേയത്തിൽ ശുപാർശ ചെയ്യുന്നതായാണ് ലഭിക്കുന്ന സൂചന.