സൗദി അറേബ്യ: ഇത്തവണത്തെ ശൈത്യകാലത്ത് വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യത

featured GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

അൽ ഖാസിം, മദീന, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്സ് റീജിയൻ തുടങ്ങിയ പ്രദേശങ്ങളിൽ ശൈത്യകാല മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിലും 50% കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. മറ്റു പ്രദേശങ്ങളിൽ ഈ കാലയളവിൽ ശരാശരി അളവിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2023 ഡിസംബർ മുതൽ 2024 ഫെബ്രുവരി വരെ നീണ്ട് നിൽക്കുന്ന സൗദി അറേബ്യയിലെ നിലവിലെ ശൈത്യകാല മാസങ്ങളിലെ മഴ സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് പ്രകാരം റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഹൈൽ എന്നീ മേഖലകളിൽ 2024 ജനുവരി മാസത്തിൽ ശരാശരിയിലും അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാനിടയുണ്ട്.

തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് എന്നീ മേഖലകളിൽ 2024 ഫെബ്രുവരി മാസത്തിൽ ശരാശരിയിലും അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.