അടുത്ത വർഷത്തെ ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 11 മുതൽ 13 വരെ നടത്താൻ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു. 2024 ഫെബ്രുവരി 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
2025-ലെ വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് അടുത്ത വർഷം ഫെബ്രുവരി 11 മുതൽ 13 വരെ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഗോളതലത്തിൽ സർക്കാരുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിനുമുള്ള ഏറ്റവും മികച്ച വേദി എന്ന രീതിയിൽ വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് വലിയ പങ്ക് വഹിക്കുന്നതായി യു എ ഇ ക്യാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രിയും, വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി അഭിപ്രായപ്പെട്ടു.
ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ലോക സർക്കാർ ഉച്ചകോടി 2024-ലെ വിശിഷ്ടാതിഥിയായാണ് ഇന്ത്യ പങ്കെടുത്തത്.
2024 ഫെബ്രുവരി 12 മുതൽ 14 വരെയാണ് വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് (WGS) 2024 സംഘടിപ്പിച്ചത്.
Cover Image: Dubai Media Office.