ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2024 മാർച്ച് 6-നാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും, താഴ്വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മുപ്പത് മുതൽ നൂറ്റമ്പത് മിലീമീറ്റർ (ശക്തമായ – അതിതീവ്ര) വരെ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, താഴ്വരകൾ, നീർച്ചാലുകൾ എന്നിവയിൽ ഈ കാലയളവിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടാനിടയുണ്ടെന്നും, ജാഗ്രത പുലർത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ തീരമേഖലകളിൽ 2 മുതൽ 3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.
ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും പതിനഞ്ച് മുതൽ ഇരുപത്തഞ്ച് നോട്ട് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.