രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും നിയമനടപടികളിലേക്ക് നയിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വ്യക്തമാക്കി. യു എ ഇയിലെ ഫണ്ട് റൈസിങ് റെഗുലേറ്ററി ലോ സംബന്ധിച്ച് വിശദീകരിച്ച് കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുസമൂഹത്തിനിടയിൽ ഈ നിയമം സംബന്ധിച്ച് അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ധനശേഖരണം സംബന്ധിച്ച നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന യു എ ഇയിലെ ഫെഡറൽ ലോ ‘3/ 2021’ അനുസരിച്ച് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുള്ള ചാരിറ്റബിൾ അസോസിയേഷനുകൾക്ക് മാത്രമാണ് സംഭാവന, ധനസഹായം എന്നിവ സ്വീകരിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും, ഇവ ശരിയായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ നിയന്ത്രണം.
റമദാൻ മാസത്തിൽ യു എ ഇയിൽ കണ്ടുവരുന്ന വലിയ അളവിലുള്ള സംഭാവനകൾ കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഇത്തരത്തിൽ സംഭാവനകൾ നൽകുന്ന വ്യക്തികൾ, അവർ നൽകുന്ന എല്ലാത്തരത്തിലുള്ള ധനസഹായങ്ങളും – ക്യാഷ്, ഡിജിറ്റൽ ഉൾപ്പടെ -, സംഭാവനകൾ സ്വീകരിക്കുന്നതിന് അനുമതിയുള്ളവർക്കാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
യു എ ഇയിലെ ഫണ്ട് റൈസിങ് റെഗുലേറ്ററി ലോ അനുശാസിക്കുന്ന നിയമങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുന്നതിനും സാധ്യതയുണ്ട്.
WAM