ദുബായ്: അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷൻ തുറന്ന് കൊടുത്തതായി RTA

UAE

അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 മാർച്ച് 5-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഉം സുഖീം സ്ട്രീറ്റ്, അൽ താന്യ സ്ട്രീറ്റ് എന്നിവയുടെ ഇടയിലായാണ് ഈ ജംഗ്‌ഷൻ സ്ഥിതി ചെയ്യുന്നത്. 2024-ലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് RTA ഈ പദ്ധതി നടപ്പിലാക്കിയത്.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ജംഗ്‌ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉം സുഖീം 3-ൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അൽ വാസൽ റോഡിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

ഈ പദ്ധതിയുടെ ഭാഗമായി അൽ മജാസിമി സ്ട്രീറ്റിന്റെ വീതി, ഇന്റർസെക്ഷൻ എത്തുന്നതിന് മുൻപ് 200 മീറ്റർ ദൂരത്തേക്ക്, ഒരു വരിയിൽ നിന്ന് രണ്ട് വരിയാക്കി (ഇരുവശത്തേക്കും) ഉയർത്തിയിട്ടുണ്ട്. ഇതോടെ ഈ റോഡിലൂടെ ഓരോ വശത്തേക്കും മണിക്കൂറിൽ 2400 വാഹനങ്ങൾക്ക് (നേരത്തെ മണിക്കൂറിൽ 1200 വാഹനങ്ങളായിരുന്നു) കടന്ന് പോകാവുന്നതാണ്.