ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2024 ഏപ്രിൽ 5-നാണ് RTA ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകിയത്.
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
മെട്രോ സമയങ്ങൾ (ഗ്രീൻ, റെഡ് ലൈനുകളിൽ)
- ഏപ്രിൽ 6 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ഏപ്രിൽ 7 – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
- ഏപ്രിൽ 8 മുതൽ 13 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ഏപ്രിൽ 14 – രാവിലെ 8 മുതൽ രാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ഇവ റമദാൻ 29, ശവ്വാൽ 3 എന്നീ ദിനങ്ങളിൽ പ്രവർത്തിക്കുന്നതാണ്.
ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) റമദാൻ 29 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.