എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. 2024 മെയ് 5-നാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നതിനായി ഇത്തരം ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യവും അബുദാബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്ക്കവലകളിലും മറ്റുമുള്ള ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ വാഹനമോടിക്കുന്നവരുടെയും, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ജീവനു ഒരു പോലെ ഭീഷണി ഉയർത്തുന്നതാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, ജനങ്ങളോട് ഇത്തരം നിയമങ്ങൾ പാലിക്കാൻ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.
അബുദാബിയിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്:
- 1000 ദിർഹം പിഴ.
- 12 ബ്ലാക്ക് പോയിന്റ്.
- റെഡ് സിഗ്നൽ ലംഘിക്കുന്നത് വാഹനം പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനമാണ്. 30 ദിവസത്തേക്കാണ് വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നത്.
- ഇത്തരത്തിൽ റെഡ് സിഗ്നൽ ലംഘിക്കുന്നതിന് വാഹനം പോലീസ് പിടിച്ചെടുക്കുകയാണെങ്കിൽ അത് വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴയായി അടക്കേണ്ടതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.