ഷാർജ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം

UAE

ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 2024 ജൂൺ 13-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2024 ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള ദിനങ്ങളിലാണ് ഷാർജയിൽ പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

ആഴ്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ നീല നിറത്തിലുള്ള പ്രത്യേക പാർക്കിംഗ് ഇൻഫർമേഷൻ ബോർഡുകളിൽ നിന്ന് തിരിച്ചറിയാവുന്നതാണ്. ഇത്തരം ഇടങ്ങളിൽ വെള്ളിയാഴ്ച, പൊതു അവധിദിനങ്ങൾ എന്നിവ ഉൾപ്പടെ എല്ലാ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാണ്.

അവധിദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കാനും, നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.