പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി

featured UAE

ഷാർജ എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് കടന്ന് കയറുന്നതിനുള്ള ഇടങ്ങളല്ലെന്നും, മറിച്ച് കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സന്തുലിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പക്ഷികൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ഇത്തരം പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സുരക്ഷിത താവളമൊരുക്കുന്നുവെന്നും ഇത്തരം ഇടങ്ങളിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് അവയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിനിടെയാണ് ഷാർജ ഭരണാധികാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അൽ ദൈദ് റോഡിൽ ഉടൻ നടപ്പിലാക്കുന്ന ഒരു പുതിയ പാരിസ്ഥിതിക പദ്ധതി അദ്ദേഹം വെളിപ്പെടുത്തി. ഒട്ടകങ്ങളും ആടുകളും കുതിരകളും ഒരു വലിയ വേലിക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഈ പദ്ധതിയിൽ സന്ദർശകർക്ക് ഇത് നിരീക്ഷിക്കുന്നതിനുള്ള സൗകര്യം, പാർക്കിംഗ് എന്നിവ ലഭ്യമാക്കുന്നതാണ്.

ഷാർജയിൽ മാത്രം കാണപ്പെടുന്ന അതുല്യമായ ജീവിവർഗങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി നിധികൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഷാർജ ഭരണാധികാരി എടുത്തുകാണിക്കുകയും പ്രകൃതിയെ ബഹുമാനിക്കാൻ നിവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1972 മുതൽ താൻ പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബാഹ്യ ഇടപെടലുകളില്ലാതെ വന്യജീവികൾ വളരുന്ന റിസർവുകളിലെ സ്വാഭാവിക സന്തുലിതാവസ്ഥയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.