അൽ വർഖ മേഖലയിൽ പുതിയ എൻട്രൻസ്, എക്സിറ്റ് പോയിന്റുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഈ മേഖലയിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖ മേഖലയിലേക്ക് നേരിട്ടുള്ള പുതിയ എൻട്രൻസ്, എക്സിറ്റ് പോയിന്റുകൾ നിർമ്മിക്കുന്നതാണ്.
ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ എട്ട് കിലോമീറ്റർ നീളത്തിലുള്ള പ്രാദേശിക റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ഇത് ഈ റോഡുകളിലൂടെ കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്നതിന് സഹായിക്കുന്നതാണ്.
നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലൂടെ മണിക്കൂറിൽ അയ്യായിരം വാഹനങ്ങൾ കടന്ന് പോകുന്നതിനും, യാത്രാ സമയം നിലവിലെ ഇരുപത് മിനിറ്റിൽ നിന്ന് കേവലം 3.5 മിനിറ്റാക്കി വെട്ടിച്ചുരുക്കുന്നതിനും ഈ പദ്ധതി കാരണമാകുന്നതാണ്. ഈ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്.