യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമ്പത്തിമൂന്നാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻ കമ്മിറ്റി ഒരുക്കുന്ന പരിപാടികളുടെയും ആഘോഷങ്ങളുടെയും വിവരങ്ങൾ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.
ഏഴ് എമിറേറ്റുകളും ഐക്യദാർഢ്യത്തിലും ആഘോഷത്തിലും ഒന്നിച്ച് രാഷ്ട്രത്തോടും അതിൻ്റെ നേതൃത്വത്തോടുമുള്ള വിശ്വസ്തത പുതുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അഭിമാനബോധവും ദേശീയ വികസനത്തോടുള്ള പുതിയ പ്രതിബദ്ധതയും ഉണർത്തുന്ന ആഘോഷങ്ങളുടെ ഒരു പരമ്പരയോടെയാണ് ഷാർജ ഈ അവസരത്തെ സ്വീകരിക്കുന്നത്.
ഷാർജ ദേശീയ ദിന പരിപാടികൾ 2024 നവംബർ 21 മുതൽ ഡിസംബർ 2 വരെയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യു എ ഇയുടെ നേട്ടങ്ങളും പൈതൃകവും ആഘോഷിക്കുന്ന പ്രധാന പരിപാടികൾ അവതരിപ്പിക്കുന്നതാണ്.
കൽബ, വാദി അൽ ഹെലോ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിൻ, അൽ ഹംരിയ എന്നിവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതാണ്. താഴെ പറയുന്ന തീയതികളിലാണ് ഷാർജയിലെ ദേശീയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്:
- ഷാർജ നാഷണൽ പാർക്ക് – നവംബർ 21 മുതൽ ഡിസംബർ 2 വരെ കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ മുതലായവ.
- അൽ ദൈദ് സിറ്റി – നവംബർ 27-ന് ഗ്രാൻഡ് മോസ്കിൽ നിന്ന് ആരംഭിച്ച് അൽ ദൈദ് ഫോർട്ടിൽ അവസാനിക്കുന്ന നാഷണൽ മാർച്ച്. നവംബർ 28 മുതൽ ഡിസംബർ 1 വരെ നാടോടികലാരൂപങ്ങൾ.
- കൽബ – നവംബർ 23 മുതൽ 25 വരെ ദേശീയ മാർച്ച്, കൽബ ഓപ്പററ്റ, ക്ലാസിക് കാർ പരേഡ്, പരമ്പരാഗത ഗെയിമുകൾ, കായിക പ്രവർത്തനങ്ങൾ എന്നിവ.
- വാദി അൽ ഹെലോ – നവംബർ 24 ന് നാടോടി പ്രകടനങ്ങൾ, കവിതാ സെഷനുകൾ, അവാർഡുകൾ എന്നിവ സംഘടിപ്പിക്കും.
- അൽ ബതീഹ ഏരിയ – നവംബർ 28 മുതൽ 30 വരെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്ന പ്രത്യേക പരിപാടികൾ, നാടോടി കലകൾ, കാർ പരേഡ്.
- മെലീഹ – ഹെറിറ്റേജ് വില്ലേജിൽ നവംബർ 21-ന് നാഷണൽ മാർച്ച്, നാടോടി കലകൾ.
- ഖോർഫക്കാൻ – നവംബർ 22 മുതൽ 24 വരെ ആംഫി തിയേറ്ററിൽ വെച്ച് പ്രത്യേക പരിപാടികൾ. ഡിസംബർ 1-ന്, ആംഫിതിയേറ്ററിൽ പ്രത്യേക സംഗീത പരിപാടി.
- ദിബ്ബ അൽ ഹിസ്ൻ – നവംബർ 23-ന് വൈകീട്ട് പബ്ലിക് മാർച്ച്. തുടർന്ന് ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോക്ക്ലോർ പ്രകടനങ്ങൾ, ദേശീയ ഓപ്പററ്റ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നടക്കും.
- അൽ ഹംരിയ – നവംബർ 27, 28 തീയതികളിൽ അൽ ഹംരിയ ബീച്ച് പാർക്കിലും ക്രീക്കിലും വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
WAM