സൗദി അറേബ്യ: നവംബർ 26 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 26, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 നവംബർ 22-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മക്ക മേഖലയിൽ നവംബർ 26 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

റിയാദ്, മദീന, ഹൈൽ, അൽ ഖാസിം, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, അസീർ എന്നിവിടങ്ങളിലും ചൊവ്വാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തബൂക്, അൽ ജൗഫ്, നജ്‌റാൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.

അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.