ദുബായ്: അൽ മക്തൂം ബ്രിഡ്ജിലെ ഭാഗിക ഗതാഗത നിയന്ത്രണം; മറ്റ് റൂട്ടുകൾ സംബന്ധിച്ച് RTA അറിയിപ്പ് നൽകി

featured GCC News

അൽ മക്തൂം ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റ് റൂട്ടുകൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി. 2024 ഡിസംബർ 13-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

അൽ മക്തൂം ബ്രിഡ്ജിൽ 2025 ജനുവരി 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി RTA 2024 സെപ്റ്റംബർ 19-ന് അറിയിച്ചിരുന്നു.

2025 ജനുവരി 16 വരെയുള്ള കാലയളവിൽ താഴെ പറയുന്ന പ്രകാരമാണ് അൽ മക്തൂം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • തിങ്കൾ മുതൽ ശനിയാഴ്ച വരെ ദിനവും രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ.
  • ഞായറാഴ്ച്ചകളിൽ 24 മണിക്കൂറും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

ഈ പാലത്തിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഈ മേഖലയിലൂടെയുള്ള യാത്രകൾക്ക് യാത്രികർക്ക് താഴെ പറയുന്ന മറ്റ് റോഡുകൾ ഉപയോഗിക്കാവുന്നതാണ്:

ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക്:

  • ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവ വഴി ഇൻഫിനിറ്റി പാലത്തിലൂടെ.
  • ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവ വഴി അൽ ഷിന്ദഗ ടണലിലൂടെ.
  • ബനിയാസ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ് എന്നിവ വഴി അൽ ഗർഹൊഉദ് പാലത്തിലൂടെ.
  • ബനിയാസ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, റിബാത് സ്ട്രീറ്റ് എന്നിവ വഴി ബിസിനസ് ബേ ക്രോസിങ്ങിലൂടെ.

ബർ ദുബായിൽ നിന്ന് ദെയ്‌റയിലേക്ക്:

  • താരീഖ് ബിൻ സിയാദ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവ വഴി ഇൻഫിനിറ്റി പാലത്തിലൂടെയോ, അൽ ഷിന്ദഗ ടണലിലൂടെയോ.
  • ഔദ് മേത സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ് എന്നിവ വഴി അൽ ഗർഹൊഉദ് പാലത്തിലൂടെ.
  • ഔദ് മേത സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവ വഴി ബിസിനസ് ബേ ക്രോസിങ്ങിലൂടെ.