സൗദി അറേബ്യ: റിയാദ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പ്രവർത്തനമാരംഭിച്ചു

featured GCC News

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം 2024 ഡിസംബർ 15-ന് ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രണ്ടാം ഘട്ടത്തിൽ റിയാദ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ സേവനങ്ങളാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

Source: Saudi Press Agency.

ഡിസംബർ 15 മുതൽ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈൻ), കിംഗ് അബ്ദുൽഅസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നിവ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

റിയാദ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലേക്ക് ദിനവും രാവിലെ 6 മണിമുതൽ അർദ്ധരാത്രിവരെ പ്രവേശനം അനുവദിക്കുന്നതാണ്. ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്.

ഇതിൽ അൽ ഒലായ – അൽ ബത്ത റൂട്ട് (ബ്ലൂ ലൈൻ), കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ് (യെല്ലോ ലൈൻ), അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ (പർപ്പിൾ ലൈൻ) എന്നീ മൂന്ന് ലൈനുകൾ 2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയിരുന്നു. ഡിസംബർ 15-ന് രണ്ട് ലൈനുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടെ റിയാദ് മെട്രോയുടെ ഭാഗമായുള്ള ആറ് ലൈനുകളിൽ അഞ്ചും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

അൽ മദീന അൽ മുനാവറഹ് റോഡ് (ഓറഞ്ച് ലൈൻ) 2025 ജനുവരി 5-ന് തുറന്ന് കൊടുക്കുമെന്ന് റിയാദ് മെട്രോ അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.

25.1 കിലോമീറ്റർ ദൈർഘ്യമുള്ള റെഡ് ലൈനിൽ ആകെ പതിനഞ്ച് സ്റ്റേഷനുകളാണുള്ളത്. 13.3 കിലോമീറ്റർ നീളമുള്ള ഗ്രീൻ ലൈനിൽ 12 സ്റ്റേഷനുകളുണ്ട്.