ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 19-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഡിസംബർ 20, വെള്ളിയാഴ്ച, ഡിസംബർ 21, ശനിയാഴ്ച എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 20-ന് മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, അന്തരീക്ഷ താപനില താഴുന്നതിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കടലിൽ രണ്ട് മുതൽ നാല് അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 21-ന് വടക്കുപടിഞ്ഞാറൻ ദിശയിൽ മൂന്ന് മുതൽ പതിമൂന്ന് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് ചില സമയങ്ങളിൽ ഇരുപത്തഞ്ച് നോട്ട് വരെ ആകാനിടയുണ്ടെന്നും കടലിൽ മൂന്ന് അടിവരെ (ചിലസമയങ്ങളിൽ ഏഴ് അടിവരെ) ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.