സൗദി അറേബ്യ: പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പ്രഖ്യാപിച്ചു

featured GCC News

പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപനം നടത്തി. ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും, ഇതുമായി ബന്ധപ്പെട്ട് ഫീസ് കുറയ്ക്കുന്നതിനുമായാണ് ഈ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്.

2025 ജൂൺ 19-ന് പ്രഖ്യാപിച്ച ഈ പുതിയ നിയമങ്ങൾ വരുന്ന മുപ്പത് മുതൽ തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ പുതിയ നിയമങ്ങൾ പ്രകാരം ക്യാഷ് വിത്ത്ഡ്രോവൽ, ഇന്റർനാഷണൽ പർചേസ് എന്നിവയുമായി ബന്ധപ്പെട്ട് ഫീസ് തുകകൾക്ക് പരിധി ഏർപ്പെടുത്തുന്നതാണ്.

ഇതിന് പുറമെ ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് നിബന്ധനകൾ കൂടുതൽ സുതാര്യമാക്കുന്നതിനും, ഇവ വെളിപ്പെടുത്തുന്നതിനുള്ള നിബന്ധനകൾ ഏകീകരിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഈ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുതാര്യവും, വ്യക്തവുമാക്കുന്നതിന് ലക്ഷ്യമിടുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ:

  • ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതാണ്. 2500 റിയാലിൽ താഴെ മൂല്യമുള്ള വിത്ത്ഡ്രോവലുകൾക്ക് ഈ ഫീസ് 3 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 2500 റിയാലിൽ കൂടുതലുള്ള വിത്ത്ഡ്രോവലുകളുടെ പരമാവധി ഫീസ് 75 റിയാലാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
  • ഇന്റർനാഷണൽ പർചേസുകളുടെ ഫീസ് 2 ശതമാനമായി നിജപ്പെടുത്തി.
  • ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇ-വാലറ്റ് ടോപ്-അപ്പുകളുടെ ഫീസ് ഒഴിവാക്കി.
  • എല്ലാ ഫീസുകളും നിശ്ചിത രൂപത്തിൽ വെളിപ്പെടുത്താൻ ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും.