ഖത്തർ: പുതിയ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

featured GCC News

പുതിയ കാറുകൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്നതിന് ഖത്തർ വിലക്കേർപ്പെടുത്തി. ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് 2025 സെപ്റ്റംബർ 14-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ഈ വിജ്ഞാപന പ്രകാരം ഖത്തറിൽ ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും രജിസ്റ്റർ ചെയ്യാത്ത പുതിയ കാറുകൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ‘2025/ 3’ എന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

ഇത് പ്രകാരം ഖത്തറിലെ കാർ ഡീലർഷിപ്പുകൾക്ക് രാജ്യത്ത് ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും രജിസ്റ്റർ ചെയ്യാത്ത പുതിയ കാറുകൾ കയറ്റുമതി ചെയ്യാനാകുന്നതല്ല. നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഈ തീരുമാനം കർശനമായി പാലിക്കാൻ ഡീലർഷിപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക വിപണിയിൽ പുതിയ കാറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനം. ഇതോടൊപ്പം നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങൾ തടയുന്നതിനും, കാറുകളുടെ ലഭ്യതക്കുറവ് മൂലം പ്രാദേശിക വിപണിയിൽ വിലവർദ്ധനവ് ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും, വിപണിയുടെ സ്ഥിരതയ്ക്ക് കോട്ടമുണ്ടാക്കുന്ന കയറ്റുമതി ശീലങ്ങൾ തടയുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.