യു എ ഇ: അനുമതിയില്ലാതെ AI ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

മുൻ‌കൂർ അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം പ്രവർത്തികൾ രാജ്യത്തെ മാധ്യമ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് യു എ ഇ മീഡിയ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻകൂറായി നേടിയിട്ടുള്ള ഔദ്യോഗിക അനുമതികൾ കൂടാതെ AI സംവിധാനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ മുതലായവ ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ, പൊതു വ്യക്തികൾ എന്നിവ ചിത്രീകരിക്കുന്നത് ഇത്തരം മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് യു എ ഇ മീഡിയ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ താഴെ പറയുന്ന പ്രവർത്തികളും മാധ്യമ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്:

  • AI സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക.
  • വിദ്വേഷ പ്രസംഗങ്ങൾക്കായി AI സംവിധാനങ്ങൾ ഉപയോഗിക്കുക.
  • മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനും, അവരുടെ അന്തസ്സ്, പ്രശസ്തി എന്നിവ തകർക്കുന്നതിനും AI സംവിധാനങ്ങൾ ഉപയോഗിക്കുക.
  • സാമൂഹിക മൂല്യങ്ങൾ തകർക്കുന്നതിന് AI സംവിധാനങ്ങൾ ഉപയോഗിക്കുക.

ഇത്തരം പ്രവർത്തികൾക്ക് പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.