അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ പ്രദേശം സൗദി അറേബ്യയിൽ കണ്ടെത്തി

featured GCC News

അറേബ്യൻ ഉപദ്വീപിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ പ്രദേശം സൗദി അറേബ്യയിൽ കണ്ടെത്തി. 2025 സെപ്റ്റംബർ 25-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി സാംസ്കാരിക വകുപ്പ് മന്ത്രിയും, സൗദി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ പ്രിൻസ് ബദ്‌ർ ബിൻ അബ്ദുല്ലയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ പ്രദേശം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

Source: Saudi Press Agency.

ആദ്യകാല നവീന ശിലായുഗത്തോളം പഴക്കമുള്ളതാണ് (11,000 മുതൽ 10,300 വർഷം വരെ പഴക്കം) ഈ മനുഷ്യവാസ പ്രദേശം. തബൂക്കിന് വടക്കുപടിഞ്ഞാറൻ ദിശയിൽ സ്ഥിതി ചെയ്യുന്ന മസ്യൂൻ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

സൗദി ഹെറിറ്റേജ് കമ്മീഷൻ, ജപ്പാനിലെ കനസവാ യൂണിവേഴ്സിറ്റി, നിയോം എന്നിവർ സംയുക്തമായി നടത്തുന്ന ഉത്ഘനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 1978-ലാണ് മസ്യൂൻ ആർക്കിയോളജിക്കൽ സൈറ്റ് നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിൽ ആദ്യമായി രേഖപ്പെടുത്തിയത്. ഇവിടെ 2022 ഡിസംബർ മുതൽ വീണ്ടും ഉത്ഘനനപ്രവർത്തനങ്ങൾ നടന്ന് വന്നിരുന്നു.

Source: Saudi Press Agency.

പാർപ്പിടമേഖലകളെന്ന് കരുതുന്ന കല്ല് കൊണ്ട് നിർമ്മിച്ച അർദ്ധവൃത്താകൃതിയുള്ള നിർമ്മിതികൾ, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അറകകൾ, നടപ്പാതകൾ, അഗ്നികുണ്ഡങ്ങൾ, കല്ല് കൊണ്ട് നിർമ്മിച്ചിട്ടുള്ള അമ്പിൻമുന, കത്തി തുടങ്ങിയ ആയുധങ്ങൾ, ആയുധങ്ങൾ മൂർച്ചകൂട്ടുന്നതിനുള്ള അരക്കല്ലുകൾ തുടങ്ങിയ നിരവധി പുരാവസ്തുക്കൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ചിപ്പി, സ്ഫടികക്കല്ല്, ആമസോണൈറ്റ് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച അലങ്കാരവസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.