യു എ ഇ: നാല് പുതിയ സന്ദർശക വിസകൾ പ്രഖ്യാപിച്ചു; വിസ നിയമങ്ങൾ ഭേദഗതി ചെയ്തു

featured GCC News

രാജ്യത്തെ വിസ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതായി യു എ ഇ അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 29-നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യു എ ഇ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം എൻട്രി വിസ നിയമങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

താഴെ പറയുന്ന മാറ്റങ്ങളാണ് ICP ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്:

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്റർടൈൻമെന്റ്, ഇവെന്റ്സ്, ക്രൂയിസ് കപ്പലുകൾ, ലിഷർ ബോട്ടുകൾ എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കായി നാല്‌ പുതിയ വിസിറ്റ് വിസ വിഭാഗങ്ങൾ പ്രഖ്യാപിച്ചു.
  • ഏതാനം നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തെ കാലാവധിയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റുകൾ അനുവദിക്കുന്നതാണ്. ഈ കാലാവധി അതോറിറ്റിയുടെ അനുമതിയോട് കൂടി നീട്ടാവുന്നതാണ്.
  • വിദേശപൗരന്മാരായ വിധവകൾ, വിവാഹമോചിതർ എന്നിവർക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തെ കാലാവധിയുള്ള റെസിഡൻസ് പെർമിറ്റ് അനുവദിക്കുന്നതാണ്.
  • സ്‌പോൺസറുടെ വരുമാനം അടിസ്ഥാനമാക്കി സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്ക് വേണ്ടി വിസിറ്റ് വിസ സ്പോൺസർ ചെയ്യാവുന്നതാണ്.
  • യു എ ഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക ശേഷിയുള്ളവർക്കോ, മറ്റുരാജ്യങ്ങളിൽ ഒരു കമ്പനിയിൽ പങ്കാളിത്തമുള്ളവർക്കോ, പ്രൊഫഷണൽ വൈദഗ്ധ്യമുള്ളവർക്കോ ബിസിനസ്സ് എക്സ്പ്ലൊറേഷൻ വിസ അനുവദിക്കുന്നതാണ്.
  • സ്പോൺസർ, ആരോഗ്യ സ്ഥിതി, സാമ്പത്തിക സ്ഥിതി എന്നിവ അടിസ്ഥാനമാക്കി ട്രക്ക് ഡ്രൈവർ വിസ അനുവദിക്കുന്നതാണ്.