ഒമാൻ: യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കുള്ള VAT നിബന്ധനകൾ

featured Oman

യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ബാധകമാകുന്ന VAT മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2025 ഒക്ടോബർ 13-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

VAT സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒമാനി കമ്പനികൾക്ക് മൂല്യവർധിത നികുതി നിലവിലുള്ള യു എ ഇ ഉൾപ്പടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നും വ്യാപാരം നടത്തുന്ന സാഹചര്യത്തിൽ ബാധകമാകുന്ന നികുതി മാനദണ്ഡങ്ങൾ ഈ അറിയിപ്പിൽ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം ഒമാൻ കമ്പനികൾക്ക് യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന അവസരത്തിൽ VAT തുകകൾ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് ഇത്തരം കമ്പനികൾക്ക് VAT ഒഴിവാക്കാവുന്നതാണ്.

  • യു എ ഇയിലെയും, ജിസിസി രാജ്യങ്ങളിലെയും വിതരണക്കാരോട് ‘ഓവർസീസ് സപ്ലൈ എക്സ്പോർട്ട്’ എന്ന രീതിയിൽ സാധനങ്ങൾ നേരിട്ട് ഒമാനിലേക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ VAT ഒഴിവാക്കാവുന്നതാണ്. ഇത്തരത്തിൽ എക്സ്പോർട്ട് രേഖകൾ ഹാജരാക്കി കൊണ്ട് സാധനങ്ങൾ വിതരണം ചെയ്യുന്ന അവസരത്തിൽ VAT 0% ആയി കണക്കാക്കുന്നതാണ്.
  • യു എ ഇയിൽ നിന്നും, ജിസിസി രാജ്യങ്ങളിൽ നിന്നും VAT നൽകികൊണ്ട് സാധനങ്ങൾ വാങ്ങിയ ശേഷം VAT റീഫണ്ട് ലഭിക്കുന്നതിനായി രണ്ട് രീതികൾ ഉപയോഗിക്കാവുന്നതാണ്.

    യു എ ഇ വിതരണക്കാർക്ക് ഒമാനിലേക്കുള്ള കയറ്റുമതി തെളിയിക്കുന്നതിനായി എക്സ്പോർട്ട് ഡിക്ലറേഷൻ ഹാജരാക്കിയ ശേഷം ഒരു ക്രെഡിറ്റ് നോട്ട് നൽകുകയും, തുടർന്ന് വാങ്ങുന്ന ആൾക്ക് VAT റീഫണ്ട് ചെയ്യാവുന്നതുമാണ്.

    അല്ലെങ്കിൽ ഇറക്കുമതി ചെയ്യുന്ന ഒമാൻ കമ്പനിക്ക് ‘ബിസിനസ് വിസിറ്റർ VAT റീഫണ്ട് ഫോം’ ഉപയോഗിച്ച് ഫെഡറൽ ടാക്സ് അതോറിറ്റിക്ക് നേരിട്ട് ഒരു ടാക്സ് റീഫണ്ട് അപേക്ഷ നൽകാവുന്നതാണ് (ഇത്തരം അപേക്ഷ നൽകുന്ന കമ്പനികൾക്ക് യു എ ഇയിൽ ബ്രാഞ്ചുകളോ, മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരിക്കരുത്).