രാജ്യത്തെ ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് TGA പുതിയ നിയമങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു ടാക്സി, എയർപോർട്ട് ടാക്സി മേഖലയിൽ പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള വ്യക്തിഗത സേവന ദാതാക്കൾക്ക് ബാധകമാകുന്ന നിയന്ത്രണങ്ങളാണ് TGA പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഈ മേഖലയിലെ വീഴ്ചകൾക്ക് കൂടുതൽ കർശനമായ പിഴ ഉളപ്പടെയുള്ള ശിക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും TGA പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങൾ പ്രകാരം ഈ മേഖലയിലെ നിയമലംഘനങ്ങൾക്ക് 1600 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതും, നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കപ്പെടാവുന്നതും, അഞ്ച് മാസത്തേക്ക് വരെ ലൈസൻസ് റദ്ദ് ചെയ്യപ്പെടാവുന്നതുമാണ്. ഇത്തരം നിയമലംഘനങ്ങൾ വരുത്തുന്ന പ്രവാസികളെ നാട് കടത്തുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുതിയ നിയമപ്രകാരം താഴെ പറയുന്ന ലംഘനങ്ങളെ വലിയ നിയമലംഘനങ്ങളായി കണക്കാക്കുന്നതാണ്:
- സാധുതയുള്ള പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഇല്ലാതെ വാഹനമോടിക്കുക.
- കാലാവധി അവസാനിച്ചതോ, റദ്ദ് ചെയ്യപ്പെട്ടതോ ആയ പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഉപയോഗിച്ച് വാഹനമോടിക്കുക.
- അംഗീകൃത നിരക്കുകൾ അടിസ്ഥാനമാക്കി ടാക്സി ചാർജ്ജ് ഇടാക്കാതിരിക്കുക.
- വാഹനങ്ങളുടെ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയിൽ വീഴ്ച വരുത്തുക.
- ഔദ്യോഗിക യൂണിഫോം ധരിക്കുന്നതിൽ വീഴ്ച വരുത്തുക.
താഴെ പറയുന്ന ലംഘനങ്ങളെ ചെറിയ നിയമലംഘനങ്ങളായി കണക്കാക്കുന്നതാണ്:
- സമയബന്ധിതമായി പ്രൊഫഷണൽ ഡ്രൈവർ കാർഡ് പുതുക്കാതിരിക്കുക.
- അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുക.
- ഔദ്യോഗിക രേഖകൾ ഹാജരാക്കാതിരിക്കുക.
- വാഹനങ്ങളിൽ ‘പുകവലി പാടില്ല’ എന്ന അടയാള ബോർഡ് സ്ഥാപിക്കാതിരിക്കുക.
- യാത്രികരുടെ കയ്യിൽ നിന്ന് കൈമോശം വരുന്ന വസ്തുക്കൾ മടക്കി നൽകുന്നതിൽ വീഴ്ച വരുത്തുക.
- വൈകല്യമുള്ള യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുക.
മേൽപ്പറഞ്ഞ നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 1600 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് അഞ്ച് ഇരട്ടി വരെ പിഴ ചുമത്തപ്പെടാവുന്നതാണ്.
Cover Image: Saudi Press Agency.

