ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2026-ൽ നടപ്പിലാക്കുമെന്ന് സൂചന

featured GCC News

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2026-ൽ പ്രാബല്യത്തിൽ വരുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകളുടെ നാല് വർഷം നീണ്ട സഹകരിച്ചുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഈ വിസ യാഥാർഥ്യമാകാൻ പോകുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മനാമയിൽ നടന്ന ഗൾഫ് ഗേറ്റ്-വേ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം മേഖലയിലെ വികസനത്തിൽ ജി സി സി രാജ്യങ്ങൾ നിലവിൽ ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ഈ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായാണ് ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നത്. 2023 നവംബറിൽ ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഐകകണ്‌ഠ്യേന അംഗീകാരം നൽകിയിരുന്നു.

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി 2025 ജൂലൈ 2-ന് അറിയിച്ചിരുന്നു. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2025-ന്റെ അവസാന പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.