ദുബായ്: RTA സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

featured GCC News

തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2025 നവംബർ 15-നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ RTA ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

RTA സേവനങ്ങൾ, പിഴ തുകകൾ എന്നിവയിൽ 50% കിഴിവ് നൽകുമെന്ന രീതിയിൽ ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങൾ തട്ടിപ്പാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓൺലൈനിലൂടെ പണമടക്കുന്നവർക്ക് ഇത്തരം ഫീസുകളിലും മറ്റും അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചാരണം നടന്നിരുന്നത്. ഈ പരസ്യങ്ങളും, പണമിടപാടിനായി അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പേജുകളും RTA-യുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് RTA ആഹ്വാനം ചെയ്തു.