അഞ്ചാമത് വേൾഡ് ഓഫ് കോഫി ദുബായ് എക്സിബിഷൻ 2026 ജനുവരി 18-ന് ആരംഭിക്കും

featured GCC News

വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ അഞ്ചാമത് പതിപ്പ് 2026 ജനുവരി 18-ന് ദുബായിൽ ആരംഭിക്കും. 2025 നവംബർ 27-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അഞ്ചാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2026 ജനുവരി 18 മുതൽ ജനുവരി 20 വരെ നീണ്ട് നിൽക്കും.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം. മേഖലയിൽ നിന്നുള്ളതും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളതുമായ കാപ്പി കർഷകർ, നിർമ്മാതാക്കൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വിൽപനക്കാർ തുടങ്ങിയവരെ ഒത്ത് ചേർക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.

അഞ്ചാമത് വേൾഡ് ഓഫ് കോഫി ദുബായ് എക്സിബിഷന്റെ ഭാഗമായി ‘ദുബായ് കോഫീ ഓക്ഷൻ’ എന്ന പേരിൽ മൂന്ന് തത്സമയ ലേലങ്ങൾ സംഘടിപ്പിക്കുന്നതാണ്.