ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി

featured GCC News

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഓർമ്മപ്പെടുത്തി. 2025 ഡിസംബർ 8-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, തൊഴിലാളികൾ തൊഴിലിടങ്ങളിൽ തുടരുന്ന കാലയളവിൽ അവരുടെ സുരക്ഷ, സംരക്ഷണം എന്നിവ നിയമപരമായി തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ തൊഴിൽ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ആർട്ടിക്കിൾ 15 ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതിനും, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികൾ തൊഴിലുടമകൾ, അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ കൈക്കൊള്ളേണ്ടതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഡ്രൈനേജുമായി ബന്ധപ്പട്ടുള്ള തൊഴിൽ മേഖലകളിൽ താഴെ പറയുന്ന സുരക്ഷാ നിബന്ധനകൾ ഉറപ്പ് വരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • ഡ്രൈനേജുകൾ, തറയിലുള്ള ചാലുകൾ എന്നിവയ്ക്ക് ചുറ്റും ചുരുങ്ങിയത് ഒരു മീറ്റർ ഉയരമുള്ള സുരക്ഷാ വേലികൾ സ്ഥാപിക്കേണ്ടതും, ആവശ്യമായ മുന്നറിയിപ്പ് അടയാള ബോർഡുകൾ സ്ഥാപിക്കേണ്ടതുമാണ്.
  • ഇത്തരം ചാലുകൾ തറനിരപ്പിൽ നിന്ന് പരമാവധി 2.5 സെന്റിമീറ്റർ ഉയരമുള്ള അടപ്പുകൾ കൊണ്ട് മൂടേണ്ടതാണ്.
  • ഇത്തരം ചാലുകളിൽ ഉപയോഗിക്കുന്ന അടപ്പുകൾ അവയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും, മെഷിനറികളുടെയും ഭാരം താങ്ങാനാകുന്നവയായിരിക്കണം.
  • ഇത്തരം ചാലുകളുടെ ഓരങ്ങൾ വീഴ്ച ഒഴിവാക്കുന്നതിനായി പരമാവധി 30 ഡിഗ്രി ചെരിവിൽ ഒരുക്കേണ്ടതാണ്.