യു എ ഇ: ഡിസംബർ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 21, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 18, വ്യാഴാഴ്ച മുതൽ ഡിസംബർ 21, ഞായറാഴ്ച വരെ യു എ ഇയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അറേബ്യൻ ഉപദ്വീപുകളിൽ അനുഭവപ്പെടാനിടയുള്ള ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം മൂലമാണ് യു എ ഇയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ മഴ യു എ ഇയുടെ പടിഞ്ഞാറൻ മേഖലകളിൽ ആരംഭിക്കുമെന്നും ഡിസംബർ 18-ന് രാത്രിയോടെ അബുദാബിയിലെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 19, വെള്ളിയാഴ്ചയോടെ ദുബായ്, വടക്ക്, കിഴക്കൻ പ്രദേശങ്ങൾ, അൽ ഐൻ തുടങ്ങിയ ഇടങ്ങളിലേക്കും മഴ വ്യാപിക്കുന്നതാണ്. വെള്ളിയാഴ്‌ച അതിശക്തമായ ഇടിമിന്നലിലും മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം 65 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.