രാജ്യത്ത് 2026 ജനുവരി 1 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 27-നാണ് ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
Meteorological Directorate: cold weather, strong winds expected in Bahrain from December 28 to January 1https://t.co/wbMhj9acrJ
— Bahrain News Agency (@bna_en) December 27, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 28, ഞായറാഴ്ച വൈകീട്ട് മുതൽ ബഹ്‌റൈനിൽ ശക്തമായ വടക്കൻ കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം രാജ്യത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ കാലാവസ്ഥാ സാഹചര്യം 2026 ജനുവരി 1, വ്യാഴാഴ്ച വരെ തുടരും. ഡിസംബർ 30, 31 തീയതികളിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും തീരപ്രദേശങ്ങളിൽ ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കാറ്റ് മൂലം രാജ്യത്തെ അന്തരീക്ഷ താപനില കുറയുന്നതിനും സാധ്യതയുണ്ട്. ബഹ്‌റൈനിൽ ഈ കാലയളവിൽ പരമാവധി അന്തരീക്ഷ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

