സൗദി അറേബ്യ: സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ഉദ്ഘാടനം ചെയ്തു

featured GCC News

സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ഉദ്ഘാടനം ചെയ്തു. 2025 ഡിസംബർ 30-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഡിസംബർ 30, ചൊവാഴ്ച റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ഉദ്ഘാടനം ചെയ്തത്.

സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യയെ മുൻനിരയിൽ സ്ഥാപിക്കുന്നതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് ചൂണ്ടിക്കാട്ടി.

Source: @QiddiyaCity

സൗദി ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് പുറമെ കായിക വകുപ്പ് മന്ത്രി അബ്ദുൽഅസീസ് ബിൻ തുർക്കി അൽ ഫൈസൽ, സൗദി ഇസ്പോർട്സ് ഫെഡറേഷൻ ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താൻ, റിയാദ് മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽഅസീസ് ബിൻ അയ്യഫ്, മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു.

@QiddiyaCity

റിയാദിലെ മൾട്ടി-ബില്യൺ-ഡോളർ വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിലാണ് സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയുടെ വിനോദ വ്യവസായ മേഖലയിലെ വലിയ ഒരു നാഴികക്കല്ലാണ് ഖിദ്ദിയ സിറ്റി.

ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതും, വേഗതയേറിയതുമായ റോളർ കോസ്റ്ററായ ഫാൽക്കൻസ് ഫ്ലൈറ്റ് എന്ന റോളർ കോസ്റ്റർ സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയുടെ പ്രത്യേകതകളിലൊന്നാണ്.

സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് 2025 ഡിസംബർ 31-ന് സന്ദർശകർക്ക് ഔദ്യോഗികമായി തുറന്ന് കൊടുക്കും.

ടിക്കറ്റ് നിരക്കുകൾ:

  • മുതിർന്നവർക്ക് – 325 റിയാൽ.
  • കുട്ടികൾക്ക് – 275 റിയാൽ.
  • നാല്‌ വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് – പ്രവേശനം സൗജന്യം.