ഒമാൻ: പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുന്നു

featured GCC News

പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ കർശനമാക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലേക്ക് പ്രവാസി തൊഴിലാളികൾ പ്രവേശിക്കുന്നതിന് മുൻപ് പാലിക്കേണ്ടതായ വ്യവസ്ഥകളാണ് കർശനമാക്കുന്നത്. പ്രവാസി തൊഴിലാളികൾ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി അവരുടെ വിദ്യാഭ്യാസ, തൊഴിൽ യോഗ്യതകളുടെ സാധുത തെളിയിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ എൻട്രി പെർമിറ്റുകളെ അവരുടെ സാധുത തെളിയിച്ചിട്ടുള്ള തൊഴിൽ യോഗ്യതകളുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ അംഗീകാര പ്രക്രിയയ്ക്ക് ഒമാൻ രൂപം നൽകിയിട്ടുണ്ട്.

ഇത് പ്രാബല്യത്തിൽ വരുന്നതോടെ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ്, അക്കൗണ്ടിംഗ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി അവരുടെ തൊഴിൽ, വിദ്യാഭ്യാസ യോഗ്യതകൾ അംഗീകൃത ഏജൻസികളിലൂടെ പരിശോധിച്ച് സാധുത തെളിയിക്കേണ്ടി വരുന്നതാണ്. വ്യാജ യോഗ്യതകൾ സമർപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്ക് നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് പിഴ ചുമത്തുന്നതിനൊപ്പം വർക്ക് ലൈസൻസുകൾ റദ്ദ് ചെയ്യുന്നതിനും, ഒമാനിൽ നിന്ന് നാട് കടത്തുന്നതിനും, കൂടുതൽ നിയമനടപടികൾക്കായി കോടതികൾക്ക് മുൻപാകെ ഹാജരാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.