ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

featured GCC News

വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 30-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഔദ്യോഗിക സംവിധാനങ്ങളുടെ വെബ്സൈറ്റുകളേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ ROP പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ പേരിലുള്ള ഒരു വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായി ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ വെബ്സൈറ്റുകളിലൂടെ തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ ചോർത്തുന്നതായി ROP കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി ROP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങളിലൂടെ വിവരങ്ങൾ പങ്ക് വെക്കുന്ന അവസരത്തിൽ അതീവ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ROP ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി തങ്ങളുടെ സേവനങ്ങൾ നൽകുന്ന അവസരത്തിൽ ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് കാർഡ് വിവരങ്ങളോ, മറ്റു സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.