അബുദാബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബ് പ്രവർത്തനമാരംഭിച്ചു

featured GCC News

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന (EV) ചാർജിങ്ങ് ഹബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. 2026 ജനുവരി 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അഡ്‌നോക് ഡിസ്ട്രിബൂഷനാണ് (ADNOC) ഈ അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബ് ആരംഭിച്ചിരിക്കുന്നത്. 2027 അവസാനത്തോടെ യു എ ഇ ഹൈവേ ശൃംഖല വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ADNOC ഈ ചാർജിങ്ങ് ഹബ് ആരംഭിച്ചിരിക്കുന്നത്.

അബുദാബി – ദുബായ് E11 ഹൈവേയിൽ സൈഹ് ഷുഹൈബിൽ സ്ഥിതി ചെയ്യുന്ന ഈ EV ചാർജിങ്ങ് ഹബിൽ 60 ഹൈ-സ്പീഡ് ചാർജിങ്ങ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 20 മിനിറ്റിനുള്ളിൽ മിക്ക ഇലക്ട്രിക് വാഹനങ്ങളും പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ചാർജിങ്ങ് പോയിന്റുകളാണിവ.

പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ഏറ്റവും വലിയതും, ലോകത്തിലെ ആറാമത്തെ വലിയതുമായ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബാണിത്. യു എ ഇ ഹൈവേ ശൃംഖല വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2027 അവസാനത്തോടെ ഇത്തരത്തിലുള്ള 20 EV ചാർജിങ്ങ് ഹബുകൾ ആരംഭിക്കുന്നതിനാണ് അഡ്‌നോക് ഡിസ്ട്രിബൂഷൻ ലക്ഷ്യമിടുന്നത്. ഇതിൽ പതിനഞ്ച് ഹബുകൾ 2026-ൽ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.