ഖത്തറിൽ നിന്ന് കര അതിർത്തി വഴി മടങ്ങുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി

GCC News

ഖത്തറിൽ നിന്ന് അബു സമ്രാ കര അതിർത്തി വഴി മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യാത്രകൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2026 മാർച്ച് 14-നാണ് ദോഹയിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബു സമ്രാ കര അതിർത്തിയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച ശേഷം അവിടെ നിന്ന് റിയാദ് അല്ലെങ്കിൽ ദമ്മാം വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇത്തരത്തിൽ ഖത്തറിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് https://docs.google.com/forms/d/e/1FAIpQLScyH8SA8GQ2Ui7ZQkfI99k32bjPvg3RKW-PRuAsXbTKCZ3RwQ/viewform എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഫോം പൂരിപ്പിച്ച് കൊണ്ട് എംബസിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഖത്തർ വ്യോമാതിർത്തി അടച്ചത് മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രികരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവർക്ക് യാത്രാ സഹായങ്ങൾ നൽകുന്നതിനുമായി ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഈ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ യാത്രാനുമതികൾ ലഭിക്കുന്നതിന് 48 മണിക്കൂർ വേണ്ടിവരുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുഗമമായ യാത്രകൾ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാർഗ്ഗനിർദ്ദേശങ്ങളും എംബസി നൽകിയിട്ടുണ്ട്:

  • ഖത്തർ കര അതിർത്തിയിലേക്ക് പോകുന്നതിന് മുൻപായി തങ്ങളുടെ കൈവശം പാസ്‌പോർട്ട്, സൗദി അധികാരികൾ സാധാരണ നടപടിക്രമങ്ങളിലൂടെയോ എംബസി വഴി താൽക്കാലിക ട്രാൻസിറ്റ് വിസയിലൂടെയോ അംഗീകരിച്ച് അനുവദിച്ചിട്ടുള്ള അംഗീകൃത ട്രാൻസിറ്റ് വിസ, റിയാദിൽ നിന്നോ ദമ്മാമിൽ നിന്നോ ഇന്ത്യയിലെ തങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനുളള സ്ഥിരീകരിച്ച ഒരു വിമാന ടിക്കറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരക്കാർക്ക് ലഭിക്കുന്ന വിസ 96 മണിക്കൂർ മാത്രം സാധുതയുള്ള താത്‌കാലിക ട്രാൻസിറ്റ് വിസ ആയതിനാൽ മേൽപ്പറഞ്ഞ യാത്രാ രേഖകൾ ഇല്ലാത്തവർക്ക് സൗദി എമിഗ്രേഷൻ പ്രവേശനാനുമതി നിഷേധിക്കുന്നതിനുള്ള സാധ്യതയുള്ളതായി എംബസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
  • ബസ്, അല്ലെങ്കിൽ ഗ്രൂപ്പ് ട്രാൻസ്‌പോർട് രീതിയിലെത്തുന്നവർക്ക് അബു സമ്രാ അതിർത്തിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ നിന്ന് എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
  • സെഡാൻ, എസ്‌ യു വി തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലെത്തുന്നവർക്ക് അതിർത്തി ചെക്ക്പോയിന്റുകളിൽ തങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
  • അതിർത്തി കടന്ന് പോകാൻ ഉപയോഗിക്കുന്ന വാഹനത്തിന് സാധുതയുള്ള ക്രോസ്സ്-കൺട്രി പെർമിറ്റ്, സാധുതയുള്ള വാഹന ഇൻഷുറൻസ് എന്നിവയും, ഡ്രൈവർക്ക് സാധുതയുള്ള വിസയും ഉണ്ടെന്ന് ഉറപ്പാക്കുന്നതിനായി വിശ്വസനീയമായ യാത്രാ ഏജൻസികളിൽ നിന്നുള്ള സേവനങ്ങൾ സ്വീകരിക്കേണ്ടതാണ്.
  • സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും, സൗദി അധികൃതരുമായി അവസാന നിമിഷം വേണ്ടിവരുന്ന ഏതെങ്കിലും രീതിയിലുള്ള ഏകോപനം സാധ്യമാക്കുന്നതിനുമായി രാവിലെ 6-നും രാത്രി 8-നും ഇടയിലുള്ള സമയങ്ങളിൽ അതിർത്തിയിൽ എത്തി ചേരുന്നതിന് ശ്രദ്ധിക്കണമെന്ന് എംബസി നിർദ്ദേശിച്ചിട്ടുണ്ട്.