രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2026 മെയ് 12-ന് ഒമാൻ എൻവിറോൺമെൻറ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
التزم بالقرار، وتجنب الغرامات⚠️
— هيئة البيئة – عُمان (@ea_oman) May 12, 2026
التزامك بقرار حظر أكياس التسوق البلاستيكية يحمي البيئة، ويجنبك الغرامات التي تبدأ من 50 ريالًا وتصل إلى 1000 ريال، وتتضاعف عند تكرار المخالفة.
#هيئة_البيئة pic.twitter.com/7T6SJv1NTp
ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം ലംഘിക്കുന്നത് കനത്ത പിഴ ചുമത്തുന്നതിന് കാരണമാകുമെന്ന് ഒമാൻ എൻവിറോൺമെൻറ് അതോറിറ്റി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും, സുസ്ഥിരതയിലൂന്നിയുള്ള ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായുള്ള ഈ നിരോധനം പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 50 മുതൽ 1000 റിയാൽ വരെ പിഴ ചുമത്തുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1-ന് ഒമാനിൽ പ്രാബല്യത്തിൽ വന്നിരുന്നു.

