യു എ ഇ: എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

ആഗോളതലത്തിൽ എബോളയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോഗ്യ സംഭവവികാസങ്ങളും, സാഹചര്യങ്ങളും നേരിടാൻ യു എ ഇ പൂർണ്ണസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ പ്രതിരോധ മന്ത്രാലയവും (MoHAP) ചേർന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NCEMA, MoHAP reaffirm readiness of UAE health surveillance, response systems to monitor Ebola developments#WamNews https://t.co/oqwFPDGCse pic.twitter.com/oIk6vAifQH— WAM English (@WAMNEWS_ENG) May 19, 2026

2026 മെയ് 20-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇയിലെ ദേശീയ നിരീക്ഷണ, പ്രതികരണ സംവിധാനം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മികച്ച രീതികൾക്കും അനുസൃതമായി തുടർച്ചയായ വിലയിരുത്തലിനും അവലോകനത്തിനും വിധേയമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സയേഗിന്റെ അധ്യക്ഷതയിലും NCEMA-യുടെ മേൽനോട്ടത്തിലും ചേർന്ന ഒരു യോഗത്തിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തി. ഇബോളയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും യു എ ഇയുടെ അംഗീകൃത ദേശീയ ആരോഗ്യ നിരീക്ഷണ, പ്രതികരണ സംവിധാനങ്ങൾ, നിലവിലുള്ള മുൻകരുതൽ നടപടികൾ, പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള ഏകോപന, സംയോജന സംവിധാനങ്ങൾ എന്നിവയും ഈ യോഗം അവലോകനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നിരീക്ഷണ നടപടികൾ തുടർച്ചയായി നടപ്പിലാക്കുമെന്നും, ആവശ്യമുള്ളപ്പോൾ വിവിധ ആരോഗ്യ സാഹചര്യങ്ങളോട് കാര്യക്ഷമമായും ഫലപ്രദമായും പ്രതികരിക്കാൻ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും മെഡിക്കൽ ടീമുകളും പൂർണ്ണമായും സജ്ജരാണെന്ന് ഉറപ്പാക്കുമെന്നും NCEMA, ആരോഗ്യ മന്ത്രാലയം എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്.

രോഗബാധ സംബന്ധിച്ച വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടതിന്റെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കേണ്ടതിന്റെയും പ്രാധാന്യം യു എ ഇ അധികൃതർ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്.