രാജ്യം ചൂടേറിയതും വരണ്ടതുമായ വേനൽക്കാലത്തേക്ക് കടക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം വരുംദിനങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന ചൂടും കുറഞ്ഞ മഴയും രേഖപ്പെടുത്താൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന സൂചനപ്രകാരം 2026 ജൂണിൽ കിഴക്കൻ, തെക്കുകിഴക്കൻ ഒമാനിൽ ശരാശരിയിലും താഴെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഗവർണറേറ്റുകളിൽ ശരാശരി മുതൽ ശരാശരിയിലും താഴെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ഒമാനിലുടനീളം മഴ ശരാശരിയിലും താഴെയായി തുടരുമെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സൂചിപ്പിക്കുന്നത്. 2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒമാനിലുടനീളം താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

