രാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകളും, ഇലക്ട്രോണിക് ഒപ്പുകളും ദുരുപയോഗം ചെയ്താൽ അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി പബ്ലിക് പ്രോസിക്യൂഷൻ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച് മില്യൺ റിയാൽ വരെ പിഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് ഇടപാടുകളിലും, ഒപ്പുകളിലും ഉണ്ടാകുന്ന തട്ടിപ്പുകളും മറ്റു ദുരുപയോഗങ്ങളും തടയുന്നതിനും, അത്തരം പ്രവർത്തനങ്ങൾക്കിരയാകുന്നതിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഡിജിറ്റൽ സർട്ടിഫിക്കേഷൻ ആവശ്യങ്ങൾക്കായി അപേക്ഷകരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ, സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഉടമയുടെ മുൻകൂർ രേഖാമൂലമോ ഇലക്ട്രോണിക് രീതിയിലോ ഉള്ള അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് സർട്ടിഫിക്കേഷൻ സേവന ദാതാക്കളെ വിലക്കിയിട്ടുണ്ട് എന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷയ്ക്ക് പുറമെ ഇത്തരം കുറ്റകൃത്യം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, സോഫ്റ്റ്വെയർ എന്നിവ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

