ഖത്തർ: വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു

GCC News

വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി. 2026 ജൂൺ 17-നാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിമാന യാത്രയ്ക്കിടെ ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ നിയന്ത്രണങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും (ICAO) ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനും (IATA) പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതുക്കിയ നിയമങ്ങൾ എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്:

  • ഈ പുതുക്കിയ ചട്ടങ്ങൾ പ്രകാരം, യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ (ഓരോന്നിനും 100 വാട്ട്-അവർ (Wh) കവിയാത്ത ശേഷി) കൊണ്ടുപോകാൻ അനുവാദമുണ്ട്.
  • പവർബാങ്കുകൾ ക്യാബിൻ ബാഗേജിൽ കരുതുന്നതിനാണ് മാത്രമാണ് അനുമതി.
  • ചെക്ക്-ഇൻ ബാഗേജുകളിൽ പവർബാങ്ക് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
  • വിമാനത്തിലെ പവർ പോയിന്റുകളിൽ നിന്ന് ഈ പവർ ബാങ്കുകൾ ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
  • പവർ ബാങ്കുകളുടെ ചാർജിംഗ് ടെർമിനലുകൾ കേടുപാടുകൾ അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ടുകൾ തടയുന്നതിനായി ആവശ്യമായ രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കേണ്ടതാണ്.
  • അടിയന്തിര സാഹചര്യങ്ങളിൽ ക്യാബിൻ ക്രൂവിന് വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്നതിനായി വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ എളുപ്പത്തിൽ എടുക്കാനാകുന്ന രീതിയിൽ സൂക്ഷിക്കേണ്ടതാണ്. ഓവർഹെഡ് കമ്പാർട്ടുമെന്റുകളിലോ സൈഡ് സ്റ്റോറേജ് ലോക്കറുകളിലോ അവ സൂക്ഷിക്കരുത്.
  • യാത്രികർ യാത്ര പുറപ്പെടുന്നതിന് മുമ്പ് അവരുടെ വിമാനക്കമ്പനികൾ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണങ്ങൾ പരിശോധിച്ച് മനസ്സിലാക്കേണ്ടതും, അവ പാലിക്കേണ്ടതുമാണ്.
  • അപകടകരമായ വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോ, ക്യാബിൻ ക്രൂ നൽകുന്ന നിർദ്ദേശങ്ങളോ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.