അബുദാബി: നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

നവി മുംബൈയിൽ നിന്ന് അബുദാബിയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള വിമാനസർവീസ് ഉടൻ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

നവി മുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ നടത്തുന്ന രീതിയിലാണ് ഈ സർവീസ്. 2026 ജൂലൈ 15 മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ബുധൻ, വെള്ളി ദിനങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ എന്ന രീതിയിലായിരിക്കും ഈ സർവീസ് നടത്തുക. തുടർന്ന് ജൂലൈ 29 മുതൽ ബുധൻ, വെള്ളി, ഞായർ ദിനങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ എന്ന രീതിയിൽ ഈ സർവീസുകൾ വർദ്ധിക്കുന്നതാണ്.