35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 സെപ്റ്റംബർ 13-ന് ആരംഭിക്കും

GCC News

മുപ്പത്തിയഞ്ചാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 സെപ്റ്റംബർ 13-ന് ആരംഭിക്കും. 2026 ഓഗസ്റ്റ് 19-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

‘ടേൺ ദി പേജ്, റീഡ് ദി വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. 95 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരെയും, ലോകമെമ്പാടുമുള്ള വിശിഷ്ട എഴുത്തുകാർ, ചിന്തകർ, അക്കാദമിക് വിദഗ്ധർ എന്നിവരെയും ഈ പുസ്തകമേള കൂട്ടിയിണക്കുന്നതാണ്.

പ്രസിദ്ധീകരണം, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയ്ക്കുള്ള ഒരു മുൻനിര വേദി എന്ന നിലയിൽ അതിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നതാണ് ഈ പുസ്തകമേള. 1,500-ഓളം പരിപാടികൾ ഈ പുസ്തകമേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

ബാൾക്കൻ രാജ്യങ്ങളാണ് ഇത്തവണത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. പണ്ഡിതനായ അൽ ഖലീൽ ഇബ്‌നു അഹമ്മദ് അൽ ഫറാഹിദിയെ ഈ മേളയുടെ ഫോക്കസ് പേഴ്സണാലിറ്റിയായും, മിഗുവൽ ഡി സെർവാന്റസിന്റെ ഡോൺ ക്വിക്സോട്ടിനെ ലോകത്തിന്റെ പുസ്തകമായും ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആദരിക്കുന്നതാണ്.