രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ സുരക്ഷിതമായും, ജാഗ്രതയോടെയും ഡ്രൈവ് ചെയ്യാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ജൂലൈ 29-നാണ് ROP ഇതുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ സന്ദേശം പുറത്തിറക്കിയത്.
سلامتك تبدأ من قرارك.. #السجل_الوطني_للمخاطر #شرطة_عمان_السلطانية pic.twitter.com/qQwKjiL8YU
— شرطة عُمان السلطانية (@RoyalOmanPolice) July 29, 2026
ഈ അറിയിപ്പിൽ റോഡപകടങ്ങൾക്ക് കാരണമാകുന്ന നാല് സാധാരണ ഡ്രൈവിംഗ് പിഴവുകൾ റോയൽ ഒമാൻ പോലീസ് വിവരിച്ചിട്ടുണ്ട്.
താഴെ പറയുന്ന ഇത്തരം ഡ്രൈവിംഗ് പിഴവുകൾ ഒഴിവാക്കാൻ ROP വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്:
- അമിതവേഗത – ട്രാഫിക് സിഗ്നലുകളിൽ സിഗ്നൽ ചുവപ്പിലേക്ക് മാറുന്നതിന് മുൻപായി കടന്ന് പോകുന്നത് ലക്ഷ്യമിട്ട് കൊണ്ട് വാഹനങ്ങളുടെ വേഗത കൂട്ടുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പകരം വാഹനം ശാന്തമായും സുരക്ഷിതമായും നിർത്താൻ തയ്യാറാകണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
- മൊബൈൽ ഫോൺ ഉപയോഗം – വാഹനമോടിക്കുന്ന അവസരത്തിൽ ഏതാനം നിമിഷത്തേക്ക് പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധയിലുള്ള ചെറിയ വ്യതിചലനങ്ങൾ പോലും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.
- സീറ്റ്ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ചകൾ – വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്ന അവസരങ്ങളിൽ പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ ഹാൻഡ് ഗ്രിപ്പുകളെയോ ശാരീരിക ശക്തിയെയോ ആശ്രയിക്കുന്നത് സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് പകരമാവില്ലെന്ന് റോയൽ ഒമാൻ പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി. സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് കൂട്ടിയിടി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളിലെ യാത്രക്കാരെ സ്ഥിരത നിലനിർത്താൻ സഹായിക്കുകയും, പരിക്കിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
- മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ചകൾ – മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് അപ്രതീക്ഷിത അപകടങ്ങളോട് പ്രതികരിക്കാൻ ഡ്രൈവർക്ക് മതിയായ സമയം ലഭിക്കുന്നതിനും, തങ്ങളെയും മറ്റ് റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിനും കാരണമാകുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗ് റോഡിൽ ജീവൻ രക്ഷിക്കുമെന്ന് ROP ഊന്നിപ്പറഞ്ഞു.

