ഇബ്നു ബത്തൂത്തയുടെ ഐതിഹാസിക യാത്രാവിവരണത്തിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം റിയാദിൽ പ്രദർശിപ്പിക്കുന്നു. 2026 ജൂലൈ 31-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
King Abdulaziz Public Library Unveils First English Translation of Ibn Battuta's Travels.https://t.co/0fjJm7QUoW#SPAGOV pic.twitter.com/dKsiqyrvfA
— SPAENG (@Spa_Eng) July 31, 2026
മൊറോക്കൻ പര്യവേക്ഷകനായ ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിന്റെ 1829-ൽ പുറത്തിറക്കിയ ആദ്യത്തെ അച്ചടിച്ച ഇംഗ്ലീഷ് വിവർത്തനത്തിന്റെ അപൂർവ പകർപ്പാണ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് സാമുവൽ ലീ രചിച്ച 294 പേജുള്ള ഈ ഇംഗ്ലീഷ് വിവർത്തനം കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംക്ഷിപ്ത കൈയെഴുത്തുപ്രതി അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്. വിപുലമായ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വ്യാഖ്യാനങ്ങളും ക്ലാസിക്കൽ അറബിക് ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഉൾപ്പെടുന്നതാണ് ഈ ഗ്രന്ഥം.

‘ഇസ്ലാമിക സഞ്ചാരികളുടെ രാജകുമാരൻ’ എന്നറിയപ്പെടുന്ന ഇബ്നു ബത്തൂത്ത പതിനാലാം നൂറ്റാണ്ടിലെ ഒരു പണ്ഡിതനും, ന്യായാധിപനും, പര്യവേക്ഷകനുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ സഞ്ചാരികളിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

മൊറോക്കൻ സുൽത്താൻ അബു ഇനാൻ അൽ-മാരിനിയുടെ നിർദ്ദേശപ്രകാരം 1355-ലാണ് ഇബ്നു ബത്തൂത്തയുടെ യാത്രകളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ഇബ്നു ജുസായി അൽ-കൽബി ഈ ഗ്രന്ഥം രചിച്ചത്. ഇബ്നു ബത്തൂത്തയുടെ ഐതിഹാസിക യാത്രയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ‘ദി റിഹ്ല’ എന്ന ഈ പുസ്തകത്തിൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അൻഡലൂഷ്യ, ഏഷ്യ എന്നിവിടങ്ങളിലൂടെയുള്ള ഇബ്നു ബത്തൂത്തയുടെ 30 വർഷത്തെ യാത്രയെ വിവരിക്കുന്നു.
ക്ലാസിക്കൽ അറബിയിൽ എഴുതിയിട്ടുള്ള ഈ യാത്രാവിവരണം പിന്നീട് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Cover Image: Saudi Press Agency.

