രാജ്യത്തെ സ്വകാര്യ ഫാർമസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുവൈറ്റ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 12-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
#قرار_وزاري| وزير الصحة الدكتور أحمد عبدالوهاب العوضي يصدر قراراً وزارياً بشأن ضوابط وإجراءات تراخيص الصيدليات في القطاع الأهلي وتنظيم تداول الأدوية والمنتجات الطبية فيها. pic.twitter.com/VzhNNT8WBR
— وزارة الصحة (@KUWAIT_MOH) August 12, 2026
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി ‘235/2026’ എന്ന ഒരു ഒദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസിങ്, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും കൈകാര്യം ചെയ്യൽ, സംഭരണം, വിതരണം, എന്നിവയെ നിയന്ത്രിക്കുന്ന സമഗ്രമായ നിയന്ത്രണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഉത്തരവ്.
കുവൈറ്റ് ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവ നടത്തുന്ന ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഈ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം, ഫാർമസി ലൈസൻസുകളുടെ സാധുത നാല് വർഷത്തേക്കായിരിക്കും.
ലൈസൻസ് പുതുക്കൽ, ഫാർമസിയുടെ സ്ഥലംമാറ്റം, വിപുലീകരണം, താൽക്കാലികമോ സ്ഥിരമോ ആയ അടച്ചുപൂട്ടൽ, വീണ്ടും തുറക്കൽ, സംഭരണ സൗകര്യങ്ങൾ കൂട്ടിച്ചേർക്കൽ എന്നിവയ്ക്കുള്ള നിയമങ്ങളും ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാന പ്രകാരം സ്വകാര്യ ഫാർമസികൾക്ക് താഴെ പറയുന്ന നിയന്ത്രണങ്ങൾ ബാധകമാകുന്നതാണ്:
- പുതിയ തീരുമാനം അനുസരിച്ച്, പുതിയ ഫാർമസികൾ നിലവിലുള്ള ഫാർമസികളിൽ നിന്ന് കുറഞ്ഞത് 1,000 മീറ്റർ അകലെ സ്ഥാപിക്കേണ്ടതാണ്. സഹകരണ സംഘങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ചില ഫാർമസികൾക്ക് ഈ നിബന്ധന ബാധകമല്ല. ക്ലിനിക്കുകളോ മെഡിക്കൽ സെന്ററുകളോ ആയി ലൈസൻസുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഫാർമസികളെയും പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.
- മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും സംഭരണത്തിനും സംരക്ഷണത്തിനുമുള്ള വിശദമായ സാങ്കേതികവും ആരോഗ്യപരവുമായ ആവശ്യകതകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാർമസി പരിസരങ്ങളും സംഭരണ സ്ഥലങ്ങളും 25°C-ൽ കൂടാത്ത താപനിലയിൽ സൂക്ഷിക്കേണ്ടതാണ്. അതേസമയം റഫ്രിജറേഷൻ ആവശ്യമുള്ള മരുന്നുകൾ 2°C-നും 8°C-നും ഇടയിൽ സൂക്ഷിക്കേണ്ടതാണ്. കാലഹരണപ്പെട്ട മരുന്നുകൾ സുരക്ഷിതമായി വേർതിരിച്ച് അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി സൂക്ഷിക്കണം. മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ, മറ്റ് നിയന്ത്രിത വസ്തുക്കൾ എന്നിവ സുരക്ഷിതമായി പൂട്ടിയ കാബിനറ്റുകളിൽ സൂക്ഷിക്കണം.
- ഫാർമസി ഉടമകൾ ലൈസൻസുള്ള ഒരു ഫാർമസി മാനേജരെ നിയമിക്കേണ്ടതാണ്. ഇവർക്ക് ഒന്നിൽ കൂടുതൽ ഫാർമസികൾ കൈകാര്യം ചെയ്യാൻ അനുമതി നൽകുന്നതല്ല. ഫാർമസിയുടെ പ്രവർത്തനങ്ങൾ, മരുന്നുകൾ, ഇൻവോയ്സുകൾ, കുറിപ്പടികൾ, രേഖകൾ, സാങ്കേതിക നടപടിക്രമങ്ങൾ, ജീവനക്കാർ എന്നിവയുടെ ഉത്തരവാദിത്തം ഈ മാനേജർക്കായിരിക്കും. കമ്പനികൾ, വ്യക്തികൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ ഉടമസ്ഥതയിലുള്ളതും, കുവൈറ്റ് പൗരന്മാരല്ലാത്തവരുടെ ലൈസൻസുള്ളതുമായ ഫാർമസികളിൽ ചുരുങ്ങിയത് ഒരു കുവൈറ്റ് പൗരനെയെങ്കിലും ഫാർമസിസ്റ്റായി നിയമിക്കേണ്ടതാണ്.
- രാത്രി ഷിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും, 24 മണിക്കൂർ സേവനം നൽകുന്നതിനും ആഗ്രഹിക്കുന്ന ഫാർമസികൾ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടുകയും നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുകയും ചെയ്യേണ്ടതാണ്.
- മരുന്നുകൾ വിതരണം ചെയ്യുന്നതിന് മുമ്പ് കുറിപ്പടികൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. കുറിപ്പടികളിൽ രോഗിയെയും ഡോക്ടറെയും കുറിച്ചുള്ള അവശ്യ വിവരങ്ങൾ, നിർദ്ദേശിക്കുന്ന മരുന്ന്, അളവ്, ചികിത്സയുടെ ദൈർഘ്യം, ഉപയോഗ രീതി എന്നിവ ഉണ്ടായിരിക്കണം.
- സ്വകാര്യ ഫാർമസികൾ വഴി പൊതുജനങ്ങളിലേക്ക് വിൽപ്പന നടത്തുന്ന മരുന്നുകൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ, പ്രത്യേക ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്ത ശേഷം തിരികെ സ്വീകരിക്കുന്നതിന് അനുമതിയില്ല. ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റി വിതരണത്തിനായി അംഗീകരിച്ചതും, അവയുടെ യഥാർത്ഥ പാക്കേജിംഗിൽ തന്നെയുള്ളതുമായ മരുന്നുകളും, ഉൽപ്പന്നങ്ങളും മാത്രം വിൽക്കുന്നതിനാണ് അനുമതി നൽകുന്നത്.
- വിതരണം ചെയ്യുന്ന ഓരോ മരുന്നിന്റെയും യഥാർത്ഥ പാക്കേജിംഗിൽ രോഗിയുടെ വിവരങ്ങൾ, മരുന്നിന്റെ പേര്, അളവ്, ഉപയോഗ രീതി, വിതരണം ചെയ്യുന്ന അളവ്, സംഭരണ നിർദ്ദേശങ്ങൾ എന്നിവയും ആവശ്യമായ മുന്നറിയിപ്പുകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു തിരിച്ചറിയൽ ലേബൽ നിർബന്ധമാക്കുന്നതാണ്.

