ഒമാൻ: ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 10-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒരാളുടെ ഓഡിയോ, വീഡിയോ, ഫോട്ടോ തുടങ്ങിയ ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ, അപകീർത്തിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, അവരുടെ അന്തസ്സിന് കോട്ടം വരുത്തുന്നതിനോ ലക്ഷ്യമിട്ടുകൊണ്ട്, മാറ്റങ്ങൾ വരുത്തുന്നത് മൂന്ന് വർഷം വരെ തടവോ, 5,000 റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന സൈബർ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വ്യക്തി താൻ പറഞ്ഞതോ, ചെയ്തതോ അല്ലാത്ത കാര്യങ്ങൾ പറഞ്ഞതായോ, ചെയ്തതായോ തോന്നിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നിയമപരമായ നടപടികൾ നേരിടുന്നതിന് ഇടയാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരാളുടെ ബഹുമാനത്തിനോ അന്തസ്സിനോ ഹാനി വരുത്തുന്ന രീതിയിൽ അപകീർത്തിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ ചിത്രീകരിക്കുന്നതിനോ ഉദ്ദേശിച്ചുള്ള ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങളിലെ കൃത്രിമത്വം ക്രിമിനൽ കുറ്റമായി മാറുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഉത്തരവ് ’61/2026′ അനുശാസിക്കുന്ന, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഒമാനിലെ നിയമങ്ങളിലെ ആർട്ടിക്കിൾ ’36/6′ പ്രകാരമാണ് ഈ നടപടികൾ.