അബുദാബി: 2026-ന്റെ ആദ്യ പകുതിയിൽ 3.1 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

GCC News

2026-ന്റെ ആദ്യ പകുതിയിൽ 3.1 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. 2026 ഓഗസ്റ്റ് 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കണക്കുകൾ പ്രകാരം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി 3,127,607 പേരാണ് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. ഇതിൽ വിശ്വാസികളും, സ്വദേശത്തു നിന്നും വിദേശത്തുനിന്നും ഉള്ള സഞ്ചാരികളും ഉൾപ്പെടുന്നു.

സന്ദർശകരിൽ 1,241,808 പേർ വിനോദസഞ്ചാരികളും, 1,841,305 പേർ പള്ളിയിൽ മതപരമായ കാര്യങ്ങൾക്ക് വന്നവരുമാണ്. സന്ദർശകരിൽ 78 ശതമാനം പേർ വിദേശ ടൂറിസ്റ്റുകളും, 22 ശതമാനം പേർ യു എ ഇ നിവാസികളുമാണ്. ആകെയുള്ള സഞ്ചാരികളിൽ 21 ശതമാനം പേരും ഇന്ത്യാക്കാരാണ്.