ഒമാൻ: ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2026 ഒക്ടോബർ 4-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്. കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ് ഇടപെടലുകൾ നിരീക്ഷിക്കാൻ റോയൽ ഒമാൻ പോലീസ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിശ്വാസം വളർത്തുന്നതിനും, സ്വകാര്യ ചിത്രങ്ങൾ നേടുന്നതിനും, യുവ ഉപയോക്താക്കളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനും കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്യുന്നതിന് മുൻപായി അവരുമായി ബന്ധം സ്ഥാപിക്കാൻ കുറ്റവാളികൾ ഓൺലൈൻ ഗെയിമുകളും ഗെയിമിംഗ് ചാറ്റ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നുണ്ടെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അപകടസൂചനകൾ തിരിച്ചറിയാനും, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ അധികൃതരെ അറിയിക്കാനും പോലീസ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കളിക്കാർക്ക് ശബ്ദത്തിലൂടെയും ദൃശ്യങ്ങളിലൂടെയും നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന സംവേദനാത്മക പ്ലാറ്റ്‌ഫോമുകളായി ഇലക്ട്രോണിക് ഗെയിമുകൾ മാറിക്കഴിഞ്ഞതായും, ഇത് പുതിയ സുരക്ഷാഭീഷണികൾ ഉയർത്തുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. മൾട്ടിപ്ലെയർ ഗെയിമുകളുടെയും സംയോജിത ചാറ്റ് സേവനങ്ങളുടെയും വ്യാപനത്തോടെ, അനുചിതമായ പെരുമാറ്റങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വർധിച്ചുവരികയാണെന്നും, അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ സാമൂഹിക അവബോധവും ഉചിതമായ കൈകാര്യം ചെയ്യലും അനിവാര്യമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.